ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ അണക്കെട്ട് ഞായറാഴ്ച രാവിലെ തുറക്കും
Saturday, June 28, 2025 9:54 PM IST
തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും. രാവിലെ പത്തിന് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും.
അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിട്ടില്ല. എന്നാല്‍ ശനിയാഴ്ച രാത്രിയിൽ ജലനിരപ്പ് 136 അടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.