വിദ്യാർഥിയെന്ന വ്യാജേന ബോംബെ ഐഐടിയിൽ താമസം; യുവാവ് അറസ്റ്റിൽ
Tuesday, July 1, 2025 4:45 PM IST
മുംബൈ: വിദ്യാർഥിയെന്ന വ്യാജേന ബോംബെ ഐഐടിയിൽ അനധികൃതമായി താമസിച്ചയാൾ അറസ്റ്റിൽ. ബിലാൽ അഹമ്മദ് തേലി(22) ആണ് അറസ്റ്റിലായത്. 14 ദിവസത്തോളം ഇയാൾ ഐഐടി ക്യാമ്പസിൽ താമസിച്ചെന്നാണ് കണ്ടെത്തൽ.
ജൂൺ 26ന് ഇയാൾ സോഫയിൽ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട കോളജിലെ ജീവനക്കാരനാണ് സംഭവം പുറത്തുകൊണ്ടുവരുന്നത്. ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ ബിലാൽ അഹമ്മദ് ഓടിരക്ഷപെട്ടു.
ജീവനക്കാരൻ ഉടൻ തന്നെ മേലധികാരികളെ വിവരമറിയിച്ചു. ഇവർ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിലാൽ വിദ്യാർഥിയല്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ക്യാമ്പസിൽ കറങ്ങി നടക്കുകയും ചെയ്തുവെന്നും കണ്ടെത്തി.
തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബിലാലിനെ ജൂലൈ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പിഎച്ച്ഡി വിദ്യാർഥിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളോട് സംസാരിച്ചിരുന്നത്. കൂടാതെ വ്യാജ പ്രവേശന രേഖകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട സെമിനാറിൽ ഇയാൾ പങ്കെടുക്കുകയും ചെയ്തുവെന്ന് മുംബൈ ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒരുമാസത്തോളം ക്യാമ്പസിൽ താമസിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതിലെ വിവരങ്ങൾ നശിപ്പിച്ച നിലയിലാണ്. കൂടാതെ ക്യാമ്പസിലെ വീഡിയോകൾ ഇയാൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും എന്നാൽ ഇത് ആർക്കും കൈമാറിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.