ബിയർ ഗ്ലാസുമായി വാദത്തിനെത്തി അഭിഭാഷകൻ, ഫോണിൽ സംസാരം: കേസ്
Tuesday, July 1, 2025 5:18 PM IST
ഗാന്ധിനഗര്‍: വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഹിയറിംഗിനിടെ സീനിയര്‍ അഭിഭാഷകന് ബിയര്‍ ഗ്ലാസുമായി ഹാജരായതില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ജൂണ്‍ 26ന് ഗുജറാത്ത് ഹൈക്കോടതിയിലെ ഓണ്‍ലൈന്‍ നടപടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ജസ്റ്റീസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുമ്പാകെയാണ് തീര്‍ത്തും നാടകീയമായ സംഭവം നടന്നത്.
സംഭവത്തിന്റെ വിഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ജസ്റ്റീസ് എ.എസ്. സുപേഹിയ, ജസ്റ്റീസ് ആര്.ടി. വച്ചാനി എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകന്റെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു.
കൈയില്‍ ബിയര്‍ ഗ്ലാസുമായി ഹാജരായ അഭിഭാഷകന് ഹിയറിംഗിനിടെ ഫോണില്‍ സംസാരിക്കുകയും ചെയ്തു. പെരുമാറ്റം നീതിന്യായ വ്യവസ്ഥയ്ക്കും നിമയവാഴ്ചയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ മഹത്വവും അന്തസും തകര്‍ക്കുന്ന പെരുമാറ്റം ശ്രദ്ധിക്കാതിരുന്നാല്‍ അത് കോടതിയുടെ അധികാരത്തിന്റെ തകര്‍ച്ചയിലേയ്ക്ക് നയിച്ചേക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.
ബാര്‍ അസോസിയേഷനിലെ യുവ അഭിഭാഷകര്‍ മുതിര്‍ന്ന അഭിഭാഷകരെ മാതൃകയാക്കേണ്ടതാണ്. അവരില്‍ ഇത്തരം പെരുമാറ്റങ്ങള്‍ സ്വാധീനം ഉണ്ടാക്കാനിടയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ വെര്‍ച്വലായി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയിട്ടുണ്ട്. വിഷയം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടതി നിര്‍ദേശിച്ചു.