കേരളത്തിന്റെ "നിധി' ജാര്‍ഖണ്ഡിലേക്ക് മടങ്ങി, ശിശുക്ഷേമ സമിതിക്കു കൈമാറും
Monday, July 7, 2025 2:00 PM IST
കൊച്ചി: ചികിത്സാച്ചെലവ് താങ്ങാനാവാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് "നിധി' ഇന്ന് ജാര്‍ഖണ്ഡിലേക്ക് മടങ്ങി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥരും പോലീസും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇന്നു രാവിലെ ധന്‍ബാദ് എക്സ്പ്രസില്‍ നിധിയുമായി ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു. അവിടെ വച്ച് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്കു കുഞ്ഞിനെ കൈമാറും. ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷയിലാവും കുഞ്ഞ് വളരുക.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറുന്നത്. കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആറ് മാസത്തോളം കേരള വനിതശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്‍ന്നത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും ജനവരി 29ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും "നിധി' എന്ന് പേരിടുകയുമായിരുന്നു.