ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 14 ആയി
Thursday, July 10, 2025 11:24 AM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നു രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. ആറ് പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ആളുകള്‍ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മധ്യഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ബുധനാഴ്ച രാവിലെ തകർന്നുവീണത്. കഴിഞ്ഞ വർഷം 212 കോടി ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് നാലു വാഹനങ്ങൾ നദിയിലേക്കു പതിച്ചാണു ദുരന്തം.
തകർന്നപ്പോൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു ട്രക്കുകൾ, ഒരു ബൊലേറോ ജീപ്പ്, ഒരു പിക്കപ്പ് വാൻ എന്നിവ നദിയിലേക്ക് വീണു. ബൊലേറോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, പോലീസ്, വഡോദര മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഒന്‍പത് പേരുൾപ്പെടെ 12 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി വഡോദര പോലീസ് സൂപ്രണ്ട് റോഹൻ ആനന്ദ് പറഞ്ഞു.
പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.