നിപ്പ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
Thursday, July 10, 2025 9:17 PM IST
മലപ്പുറം: പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. നിലവിൽ മലപ്പുറത്ത് നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേരുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ടു പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ രണ്ടു പേര് ഐസിയുവിൽ ചികിത്സയിലുണ്ട്.
മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് മൂന്നു പേര് ഐസൊലേഷനില്‍ കഴിയുന്നുണ്ട്.