പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ചു; പ്രതി അറസ്റ്റില്‍
Sunday, July 13, 2025 2:09 AM IST
പൂന്തുറ: ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ച പ്രതി അറസ്റ്റിൽ. വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ സീനിയര്‍ സിപിഒ ആലപ്പുഴ കാര്‍ത്തികപള്ളി ഗുളികശേരി വീട്ടില്‍ ബിനുവിനു(46) നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ പൂന്തുറ ആലുകാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ (30) ആണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്ക് 12.30-ഓടെ തിരുവല്ലം ഇടയാര്‍ ഫാത്തിമ മാത പള്ളിയ്ക്ക് സമീപമായിരുന്നു സംഭവം.
കഴിഞ്ഞ ഓഗസ്റ്റ് 11-ന് പള്ളിവളപ്പിലുണ്ടായിരുന്ന കാണിക്കവഞ്ചി പൊളിച്ച് പണം കവരാന്‍ ശ്രമിച്ചതിന് കേസില്‍പ്പെട്ടിരുന്ന ആളായിരുന്നു പ്രതിയായ ജോസ്. അന്ന് ഇയാളെ തടയുകയും പോലീസില്‍ പിടിച്ചേല്‍പ്പിക്കുകയും ചെയ്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനുവായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ജോസ് വീണ്ടും പള്ളിവളപ്പിലെത്തിയപ്പോള് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സമീപത്തുണ്ടായിരുന്ന ചുടുകട്ടയെടുത്ത് ബിനുവിന്റെ തലയില്‍ അടിച്ചുപൊട്ടിക്കുകയായിരുന്നു.
പോലീസുകാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.