അവിഹിത ബന്ധമെന്ന് സംശയം; നടി മഞ്ജുള ശ്രുതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
Sunday, July 13, 2025 5:43 AM IST
ബംഗളൂരു: കന്നഡ സീരിയൽ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അമ്രേഷ് (49) അറസ്റ്റിൽ.
ഈ മാസം നാലിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രുതി. അമൃതധാരെ എന്ന കന്നഡ സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ശ്രുതി എന്നറിയപ്പെടുന്ന മഞ്ജുള.
ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽവച്ചാണ് ശ്രുതിയെ ഭർത്താവ് അമ്രേഷ് ആക്രമിച്ചത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പോലീസ് പറയുന്നത്.
20 വർഷം മുൻപ് വിവാഹിതരായ ഇരുവർക്കു രണ്ടു പെൺകുട്ടികളുണ്ട്. ഹനുമന്തനഗറിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. മൂന്നു മാസം മുൻപ് ശ്രുതി, അമ്രേഷമുമായി വേർപിരിഞ്ഞ് സഹോദരനൊപ്പം താമസം തുടങ്ങിയിരുന്നു.
ഇതിനുശേഷം വീടിനു വാടക നൽകുന്നതിനെ ചൊല്ലി ഉൾപ്പെടെ തർക്കമുണ്ടായി. പിന്നാലെ ശ്രുതി, ഹനുമന്തനഗർ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. എങ്കിലും ഈ മാസം മൂന്നിന് ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങി.
എന്നാൽ പിറ്റേ ദിവസം, കുട്ടികൾ കോളജിൽ പോയതിനു പിന്നാലെ അമ്രേഷ്, ശ്രുതിയെ ആക്രമിക്കുകയായിരുന്നു. കുരമുളക് സ്പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തിയെന്നാണ് പോലീസ് പറയുന്നത്.
തല ചുമരിൽ ഇടിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. കൊലപാതകശ്രമത്തിനു കേസെടുത്തതിനു പിന്നാലെയാണ് അമ്രേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.