പെട്രോള്‍ ചോർന്ന് സ്റ്റാര്‍ട്ടിംഗ് മോട്ടോറിൽ വീണു; പിന്നാലെ തീപിടിത്തം, പൊട്ടിത്തെറി: പൊൽപള്ളി അപകടത്തിൽ എംവിഡി
Sunday, July 13, 2025 12:04 PM IST
പാലക്കാട്: പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിനു പിന്നിൽ ഇന്ധനചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
കാറിന്റെ ഇന്ധന പൈപ്പിന് ചോര്ച്ചയുണ്ടായിരുന്നിരിക്കാം. ഇതുവഴി ലീക്കായ പെട്രോള്‍ സ്റ്റാര്‍ട്ടിംഗ് മോട്ടോറിന്റെ മുകളിലേക്ക് വീണിരിക്കാം. വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈ മോട്ടോറില്‍ ഉണ്ടായ സ്പാര്‍ക്ക് മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് വിലയിരുത്തല്‍. ഈ തീ പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നും മോട്ടോര്‍ വാഹന വകുപ്പ് വിലയിരുത്തുന്നു.
തീപിടിച്ച 2002 മോഡൽ മാരുതി സുസുക്കി 800 വാഹനത്തിന് മുമ്പും കേടുപാടുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യുവതി കാർ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ പെട്രോളിന്റെ മണമുണ്ടായിരുന്നതായാണ് കുട്ടി നല്‍കിയിരുന്ന മൊഴി. ആദ്യശ്രമത്തില്‍ സ്റ്റാര്‍ട്ട് ആകാതിരുന്ന വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തതോടെയാണ് വാഹനത്തില്‍ തീ പടര്‍ന്നതും വലിയ പൊട്ടിത്തെറി ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വാഹനത്തിന്റെ കാലപ്പഴക്കവും ഏറെ നാളായി ഉപയോഗിക്കാതിരുന്നതുമായിരിക്കാം അപകടകാരണമെന്നായിരുന്നു തീപിടിത്തമുണ്ടായതിന് പിന്നാലെ ഉയര്‍ന്ന സംശയങ്ങൾ. ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്ന് ഫയർഫോഴ്സ് അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാധ്യത സംബന്ധിച്ചും പഠനം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റവരിൽ രണ്ടു കുട്ടികൾ മരണത്തിനു കീഴടങ്ങിയിരുന്നു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെയും എൽസിയുടെയും മക്കളായ എമിലി (നാല്), ആൽഫിൻ (ആറ്) എന്നിവരാണു ചികിത്സയിലിരിക്കെ ശനിയാഴ്ച എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എൽസി(40)യും മൂത്തമകൾ അലീന(10)യും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട് പാലന ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു തിരികെയെത്തി ഒരുമണിക്കൂറിനുശേഷം മക്കളുമായി ഷോപ്പിംഗിനു പോകാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം.
വാഹനം സ്റ്റാർട്ടാക്കിയപ്പോൾ പെട്രോൾ ടാങ്കിന്റെ ഭാഗത്തുനിന്ന് തീ പിടിക്കുകയായിരുന്നു. ഉടൻതന്നെ എൽസി പുറത്തിറങ്ങി രണ്ടു മക്കളെയും പുറത്തേക്കു വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപ്പടർന്നു. കാറിന്റെ ഡോർ അടഞ്ഞതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചു തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അട്ടപ്പാടി സ്വദേശിയായ എൽസി നാലുവർഷം മുന്‍പാണ് ഇവിടെ താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുന്‍പ് കാൻസർ ബാധിച്ചു മരിച്ചിരുന്നു.
ആൽഫിൻ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയും എമിലി യുകെജി വിദ്യാർഥിനിയുമാണ്. കുട്ടികളുടെ മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി എൽസിയുടെ നാടായ അട്ടപ്പാടി താവളത്തു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പാലക്കാട്ടുനിന്ന് ഫോറൻസിക് വിദഗ്ധൻ പി.ആർ. ആനന്ദ്, വിരലടയാള വിദഗ്ധൻ രാജേഷ് എന്നിവരെത്തി കത്തിനശിച്ച കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.