കൂത്തുപറമ്പിലേത് വെടിവയ്പ് പരിശീലനമാണെന്ന് രവാഡ പറഞ്ഞു; പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്
Sunday, July 13, 2025 4:51 PM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്.
കൂത്തു പറമ്പ് വെടിവയ്പിനുശേഷം 1995 ജനുവരി 30ന് നിയമസഭയിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ രവാഡയെ രൂക്ഷമായി വിമർശിച്ചതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
കൂത്തുപറമ്പിലേത് വെടിവയ്പ് പരിശീലനമാണെന്ന് രവാഡ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. രവാഡയ്ക്കെതിരെ കൊലക്കേസ് എടുക്കണം എന്നായിരുന്നു അന്ന് പിണറായി വിജയൻ സഭയിൽ ആവശ്യപ്പെട്ടത്.
ഞങ്ങള് കരിങ്കൊടി കാണിച്ച് പുറത്തേക്ക് പോകുമെന്നും വെടിവയ്ക്കരുതെന്നും അന്നത്തെ ഡിവൈഎഫ്ഐ ചുമതലയിലുണ്ടായിരുന്ന എം.വി. ജയരാജന് പറഞ്ഞിരുന്നുവെന്നും ആ സമയത്ത് ഞങ്ങൾക്ക് ഇതൊരു പരിശീലനമാണെന്ന് രവാഡ ചന്ദ്രശേഖർ പറഞ്ഞിരുന്നു എന്നാണ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നത്. രവാഡ ചന്ദ്രശേഖരിന്റെ പേരെടുത്ത് പറയാതെ എഎസ്പി എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.