കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; വിനോദ സഞ്ചാര കേന്ദ്രങ്ങളടച്ചു
Thursday, July 17, 2025 4:52 PM IST
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. 18,19,20 തീയതികളിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ ബീച്ചുകളിൽ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കയാക്കിംഗ്, റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്.