തിരുവനന്തപുരത്ത് അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് അഞ്ചാം ക്ലാസുകാരനെ മർദിച്ചു; കേസെടുത്ത് പോലീസ്
Saturday, July 19, 2025 12:24 AM IST
തിരുവനന്തപുരം: ആനന്ദേശ്വരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് വാടകവീട്ടിൽ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പോത്തൻകോട് സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കയ്യും അടിച്ചുപൊട്ടിച്ച നിലയിലാണ്. ട്യൂഷന് പോകാത്തതിനും അമ്മയുടെ സുഹൃത്തിനെ ഇഷ്ടമല്ലെന്ന് പറഞ്ഞിനുമാണ് അടിച്ചതെന്നാണ് കുട്ടി പറഞ്ഞത്.
"ഞാനൊരു ദിവസം ട്യൂഷന് പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മയും ആ മാമനും ചേർന്ന് അടിച്ചു. എനിക്കാ മാമൻ വരുന്നത് ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോ വീണ്ടും അടിച്ചു. താഴെവീണിട്ടും അടിച്ചു. കാലിലും കയ്യിലും മുട്ടിലും അടിച്ചു. പിന്നെ കഴുത്തിന് പിടിച്ചു. സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ട്'- കുട്ടി പറഞ്ഞു.
കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാര്യവട്ടം സ്വദേശിയായ സജിയും ഭാര്യ അനുവും അകന്ന് കഴിയുകയാണ്. അനുവും മകനും ആനന്ദേശ്വരത്തുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്.
അനുവും ആൺസുഹൃത്ത് പ്രണവും ചേർന്നാണ് കുഞ്ഞിനെ മർദിച്ചതെന്ന് അച്ഛൻ സജി നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികളിലേക്ക് കടന്നു.