സൗദിയിലെ "ഉറങ്ങുന്ന രാജകുമാരൻ'അന്തരിച്ചു
Sunday, July 20, 2025 5:29 AM IST
റിയാദ്: സൗദി അറേബ്യയിലെ "ഉറങ്ങുന്ന രാജകുമാരൻ'എന്നറിയപ്പെടുന്ന അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ (35) അന്തരിച്ചു. 2005ൽ ലണ്ടനിലെ സൈനികോളജിൽ പഠിക്കുന്ന സമയത്തുണ്ടായ വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേൽക്കുകയും തുടർന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു.
ലോകത്തെ അതിസമ്പന്നൻമാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദിന്റെയും റീമ ബിൻത് തലാലിന്റെയും മകനാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ. റിയാദ് കിംഗ് അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സംസ്കാരം ഞായറാഴ്ച നടത്തുമെന്ന് രാജകുടുംബം അറിയിച്ചു. അപകടത്തിന് ശേഷം ഒരിക്കൽപോലും കണ്ണുതുറന്നിട്ടില്ലാത്ത ഇദ്ദേഹത്തെ ഉറങ്ങുന്ന രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്.