ടേക്കോഫിനു പിന്നാലെ എൻജിനിൽ തീ; ഡെല്‍റ്റാ എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി
Sunday, July 20, 2025 10:42 AM IST
വാഷിംഗ്ടൺ: എൻജിനിൽ തീപടർന്നതിനെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വെള്ളിയാഴ്ച അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ബോയിംഗ് 767-400 DL446 വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിൽ തീപടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഇടത് എൻജിനിൽ പടർന്നതായി കണ്ടത്തിയതോടെ വിമാനം ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരിൽ ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്തയുടൻ ഫയർഫോഴ്സ് സംഘം റൺവേയിൽ എത്തി തീ അണച്ചു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറല്‍ ഏവിയേഷൻ അഡിമിനിസ്ട്രേഷന് അന്വേഷണം ആരംഭിച്ചു. ഈ വർഷം ഡെൽറ്റാ എയർ ലൈൻസ് വിമാനത്തിലുണ്ടാകുന്ന രണ്ടാമത്തെ എൻജിൻ തീപിടിത്തമാണിത്. ജനുവരിയിൽ ബ്രസീലിലെ സംപൗളോയിലേക്കുള്ള യാത്രാമധ്യേ ഇടത് എൻജിൻ തകരാറിലായതിനെത്തുടർന്ന് വിമാനം അറ്റ്ലാന്റയിൽ ലാൻഡ് ചെയ്തിരുന്നു.