മിഥുന്റെ കുടുംബത്തിന് 10ലക്ഷം രൂപനൽകും; സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും: മന്ത്രി വി. ശിവൻകുട്ടി
Monday, July 21, 2025 10:55 AM IST
കൊല്ലം: സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി.
സ്കൂൾ തുറക്കും മുമ്പേ സർക്കാർ ഇറക്കിയ സർക്കുലറിലെ കാര്യങ്ങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എമ്മിനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെന്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെന്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോദിച്ചു.
ജൂലൈ 25 മുതൽ 31 മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും. ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തും, ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 12 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.