16 കോച്ചുള്ള മെമു ട്രെയിനുകൾ കേരളത്തിൽ സർവീസ് ആരംഭിച്ചു
Wednesday, July 23, 2025 10:01 PM IST
കൊല്ലം: 16 കോച്ചുകളുള്ള മെമു ട്രെയിനുകൾ ഇന്നു മുതൽ കേരളത്തിൽ സർവീസ് ആരംഭിച്ചു.കൊല്ലം-ആലപ്പുഴ (66312), ആലപ്പുഴ-എറണാകുളം (66314), എറണാകുളം -ഷൊർണൂർ (66320) എന്നീ മെമു ട്രെയിനുകളാണ് ഇന്നു മുതൽ 16 കോച്ചുകളുമായി ഓടി തുടങ്ങിയത്.
കൊല്ലം-ആലപ്പുഴ മെമു ഇന്ന് രാവിലെ 3.57 ന് 16 കോച്ചുകളുമായി കൊല്ലത്ത് പുറപ്പെട്ട് ആലപ്പുഴയിൽ എത്തി. ആലപ്പുഴയിൽ നിന്നുള്ള മെമു രാവിലെ 7.27 ന് പുറപ്പെട്ട് എറണാകുളത്ത് എത്തുകയും ചെയ്തു. ഷൊർണൂർ -കണ്ണൂർ (66324), കണ്ണൂർ -ഷൊർണൂർ (66323) എന്നീ സർവീസുകളിൽ നാളെ മുതൽ 16 കോച്ചുകൾ ഉണ്ടാകും.
ഷൊർണൂർ-എറണാകുളം (66319), എറണാകുളം-ആലപ്പുഴ (66300), ആലപ്പുഴ-കൊല്ലം (66311) എന്നീ മെമുകൾ 25 മുതലും 16 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
നിലവിൽ കേരളത്തിൽ ഓടുന്ന മെമു ട്രെയിനുകളിൽ എട്ട്, 12 കോച്ചുകൾ വീതമാണ് ഉള്ളത്. ഇതിൽ 12 കോച്ചുകൾ ഉള്ളവയാണ് 16 കോച്ചുകളിലേക്ക് മാറുന്നത്. ദക്ഷിണ റെയിൽവേയുടെ കീഴിൽ ആദ്യമായി 16 കോച്ചുകൾ ഉള്ള മെമു ട്രെയിനുകൾ സർവീസ് നടത്തുന്നത് കേരളത്തിലാണ്.