ധര്‍മ്മസ്ഥല കൂട്ടക്കൊല: നിരവധി മൃതദേഹങ്ങൾ കുഴിച്ചുമൂടി; ദൃക്സാക്ഷിയുടെ മൊഴി പുറത്ത്
Thursday, July 24, 2025 11:20 AM IST
ബംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്ന കൂട്ടക്കൊലയിൽ നടുക്കുന്ന വിവരങ്ങൾ അടങ്ങുന്ന സാക്ഷിമൊഴി പുറത്ത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമൊപ്പം നിരവധി പുരുഷൻമാരും കൊല്ലപ്പെട്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി.
പല കൊലപാതകങ്ങളും നേരിട്ട് കണ്ടു. മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.
നൂറിലധികം മൃതദേഹങ്ങള്‍ നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയില്‍ താന്‍ അടക്കം ചെയ്തു. 1995 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തത്.
പലപ്പോഴും മൃതദേഹങ്ങൾ കത്തിക്കേണ്ടിവന്നു. കൊല്ലപ്പെട്ട പുരുഷന്മാരുടെയും ബലാത്സംഗത്തിനിരയായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കണമെന്നാണ് ഇയാളുടെ ആവശ്യം. ഇവിടെ താൻ കുഴിച്ചിട്ടു എന്ന പറയുന്ന തലയോട്ടി അടക്കം ഇയാൾ കോടതിയിൽ ഹാജരാക്കിയിരുന്നു.