മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ്; പ്രതികളെ വെറുതേവിട്ട ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
Thursday, July 24, 2025 12:24 PM IST
ന്യൂഡല്‍ഹി: മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 12 പ്രതികളെ വിട്ടയച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു.
ജസ്റ്റീസുമാരായ എം.എം.സുന്ദരേശ്, എന്‍.കെ.സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി വിധിക്ക് പിന്നാലെ വിട്ടയച്ച പ്രതികളെ തത്ക്കാലം തിരികെ ജയിലിലാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
മുംബൈയിൽ 2006ലുണ്ടായ ട്രെയിൻ സ്ഫോടന പരന്പരക്കേസിലെ 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തു മഹാരാഷ്ട്ര സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആറു മലയാളികൾ ഉൾപ്പെടെ 189 പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും തെളിവുകൾ വിശ്വസനീയമല്ലെന്നും വിലയിരുത്തിയാണ് ബോംബെ ഹൈക്കോടതി പ്രതികളെ കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയത്.
അഞ്ചുപേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തവും വിധിച്ച പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയുള്ള ബോംബെ ഹൈക്കോടതി നടപടി കേസന്വേഷണം നടത്തിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിനും (എടിഎസ്) സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടിയായിരുന്നു.