അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയർഇന്ത്യ പൈലറ്റുമാർ കൂട്ട അവധിയിൽ
Thursday, July 24, 2025 6:15 PM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയർഇന്ത്യയിൽ പൈലറ്റുമാർ കൂട്ട അവധിയിൽ. 112 പൈലറ്റുമാരാണ് മെഡിക്കൽ ലീവ് എടുത്ത് അവധിയിൽ പോയതെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ അറിയിച്ചു.
51 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫീസർമാരും അവധിക്ക് അപേക്ഷിച്ചതായി മുരളീധർ മോഹോൾ പാർലമെന്റിൽ പറഞ്ഞു. അപകടത്തിന് ശേഷം, പൈലറ്റുമാരുടെ മാനസികാരോഗ്യം തിരിച്ചറിയുകയും അവ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മുരളീധർ മോഹോൾ പാർലമെന്റിൽ പറഞ്ഞു.
ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൈലറ്റുമാരുടേതുൾപ്പെടെ ഫ്ലൈറ്റ് ജീവനക്കാരുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനും ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ വിമാനക്കമ്പനികൾക്ക് 2023 ഫെബ്രുവരിയിൽ നോട്ടീസ് നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വിമാന ജീവനക്കാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും പരിശീലനം നൽകാൻ വിമാനക്കമ്പനികൾക്കും വിമാനത്താവള അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏത് പ്രശ്നത്തെയും തിരിച്ചറിയുന്നതിലും നേരിടുന്നതിലും ഫ്ലൈറ്റ് ക്രൂ / എടിസിഒമാരെ (എയർ ട്രാഫിക് കൺട്രോൾ ഓഫീസർമാർ) സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കാനും നിർദേശിച്ചു.
അതേസമയം, ജീവനക്കാരുടെ ക്ഷീണവും പരിശീലനവും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഡയറക്ടർ ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു.