തായ്ലൻഡ് - കംബോഡിയ സംഘർഷം; ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് സമ്മതിച്ചെന്ന് ട്രംപ്
Sunday, July 27, 2025 10:03 AM IST
വാഷിംഗ്ടൺ : തായ്ലൻഡും കംബോഡിയായും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കംബോഡിയന്‍ പ്രധാനമന്ത്രിയുമായും തായ്ലാന്‍ഡിലെ ആക്ടിംഗ് പ്രധാനമന്ത്രിയുമായും സംസാരിച്ചെന്ന് ട്രംപ് വ്യക്തമാക്കി.
പരസ്പരം സംഘര്‍ഷം തുടര്‍ന്നാല്‍ യുഎസുമായുള്ള വ്യാപാരക്കരാറുകളെ അപകടത്തിലാക്കുമെന്ന് ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ മൂന്ന് ദിവസമായി തുടരുന്ന സംഘർഷത്തിൽ 30 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായതോടെ വ്യാഴാഴ്ചയാണ് ഇരുരാജ്യങ്ങളുടെയും സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഘര്‍ഷത്തില്‍ 1.68 ലക്ഷംപേര്‍ അതിര്‍ത്തിയില്‍നിന്ന് പലായനം ചെയ്തിരുന്നു.
സങ്കീര്‍ണമായ ഒരു സാഹചര്യത്തെ ലഘൂകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തെ ഓര്‍മിപ്പിക്കുകയാണെന്നും അതിന് വിജയകരമായ വിരാമം കുറിക്കാനായെന്നും ട്രംപ് പറഞ്ഞു.