പൊട്ടിവീണ വൈദ്യുതി ലൈൻ ഓഫാക്കിയില്ല; നാട്ടുകാർ കാവൽ നിന്നത് മൂന്നുനാൾ, ഒഴിവായത് വൻ ദുരന്തം
Monday, July 28, 2025 5:14 PM IST
പാലാ: ഇടപ്പാടി പ്രവിത്താനം റോഡിൽ ചിറയാത്ത് ഭാഗത്ത് വെള്ളിയാഴ്ചയുണ്ടായ കാറ്റിൽ മരം വീണ് വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണു. ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നതിനാൽ നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ വിവരം അറിയിച്ചെങ്കിലും അധികൃതര്‍ ആരും എത്തിയില്ല.
ഒരു ദിവസം കഴിഞ്ഞിട്ടും നിലത്ത് കിടന്ന് ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതിനാൽ നാട്ടുകാർ നേരിട്ട് ഭരണങ്ങാനം സെക്ഷൻ ഓഫീസിലെത്തി വിവരം അറിയിച്ചെങ്കിലും തകരാർ പരിഹരിക്കാനോ ലൈൻ ഓഫ് ആക്കാനോ അധികൃതർ തയാറായില്ല.
നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഈ വഴിയിൽ ലൈനിൽ വൈദ്യുതി ഉണ്ടെന്ന മുന്നറിയിപ്പുമായി മൂന്നുനാൾ നാട്ടുകാർ കാവൽ നിന്നു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ലൈൻ ഓഫാക്കിയത്.
കടുത്ത അനാസ്ഥയാണ് കെഎസ്ഇബി അധികൃതര്‍ നടത്തിയതെന്നും ഇവർക്കെതിരേ നടപടിയെടുക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.
ലൈനിൽ ഇലക്ട്രോണിക് ടെസ്റ്റർ ഉപയോഗിച്ച് നാട്ടുകാർ വൈദ്യുതി പരിശോധിച്ചപ്പോൾ 230 വോൾട്ട് വൈദ്യുതി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.