ഓപ്പറേഷൻ സിന്ദൂർ; മോദിയും ട്രംപും സംസാരിച്ചിട്ടില്ല: എസ്. ജയശങ്കർ
Monday, July 28, 2025 8:00 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചകൾ നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് ഒമ്പതിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. ഒരു ആക്രമണം നടന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതാണ് യാഥാർത്ഥ്യമായതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് എടുത്തത്.
പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.