ഓപ്പറേഷന് മഹാദേവിലൂടെ പഹല്‍ഗാം ഭീകരരെ വധിച്ചു; അമിത് ഷാ
Tuesday, July 29, 2025 12:46 PM IST
ന്യൂഡൽഹി: ഓപ്പറേഷന് മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഓപ്പറേഷന് സിന്ദൂറില്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ആക്രമണം നടത്തിയ സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചത്.
ഇവരില്‍നിന്ന് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധനയില്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തന്നെ ഓപ്പറേഷന് മഹാദേവ് ആരംഭിച്ചിരുന്നു. ഭീകരരെയും അവരെ സഹായിച്ചവരെയും വധിച്ചു.
ഈ മാസം 22നാണ് ഭീകരരെക്കുറിച്ച് രഹസ്യാന്വേഷണ വിവരം കിട്ടിയത്. ഭീകരര്‍ പാക്കിസ്ഥാനിലേക്ക് കടക്കുന്നത് മുമ്പേ തടഞ്ഞിരുന്നു.
പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കാനാണ് മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ശ്രമിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. പാക്കിസ്ഥാനെ സംരക്ഷിക്കുന്നതിലൂടെ പ്രതിപക്ഷത്തിന് എന്താണ് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.