ലോണ്‍ ആപ്പ് തട്ടിപ്പ്; ആറു മാസത്തിനിടെ ലഭിച്ചത് 3,764 പരാതികള്‍
സീമ മോഹന്‍ലാല്‍
Tuesday, July 29, 2025 10:18 PM IST
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത് 3,764 പരാതികള്‍. സൈബര്‍ ക്രൈം ഓപ്പറേഷന്‍സ് വിഭാഗത്തിലെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം പരാതികള്‍ ലഭിച്ചിരിക്കുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ഇവിടെനിന്നും ലഭിച്ചത് 355 പരാതികളാണ്. മലപ്പുറത്ത് നിന്ന് 1.80 കോടി രൂപയാണ് തട്ടിപ്പു സംഘം കൈക്കലാക്കിയത്.
രണ്ടാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഇവിടെനിന്ന് ലഭിച്ച 306 പരാതികളില്‍ 1.83 കോടി രൂപയാണ് നഷ്ടമായത്. പരാതികളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് എറണാകുളം റൂറലാണ്. ഇവിടെനിന്ന് ലഭിച്ച 303 പരാതികളില്‍ 1.19 കോടി രൂപയാണ് തട്ടിപ്പു സംഘത്തിന്റെ കീശയിലായത്.
ആറു മാസത്തിനിടയില്‍ ലോണ്‍ ആപ്പിലൂടെ സംസ്ഥാനത്ത് നഷ്ടമായത് 17.21 കോടി രൂപയാണെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
നഗ്നഫോട്ടോയും എത്തും
ഒരു ചെറിയ തുക വായ്പ നല്കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കും. പിന്നീടാണ് ചതി മനസിലാക്കുന്നത്.
ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ ഫോണിലുള്ള സ്ക്രീന്‍ വ്യൂ, എസ്എംഎസ്, ഗാലറി, ഫോട്ടോസ്, കോണ്‍ടാക്സ് തുടങ്ങിയവ ഓട്ടോമാറ്റിക്കായി തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തും. ലോണ്‍ തിരിച്ചടക്കാന്‍ വൈകിയാല്‍ അപകീര്‍ത്തിപ്പെടുത്തലോ ഭീഷണിപ്പെടുത്തലോ സംഘം നടത്തും. മൊബൈലില്‍നിന്ന് കിട്ടുന്ന ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോകളാക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങും.
വന്‍ ലോണിനുവേണ്ടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരെ ലോണ്‍ നല്കിയില്ലെങ്കിലും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും. ഇവരുടെ ഇരകളില്‍ ഏറെയും വീട്ടമ്മമാരാണ്. ഇത്തരത്തില്‍ ലോണ്‍ ആപ്പ് സംഘത്തിന്റെ ചതിക്കുഴിയില്‍പ്പെട്ട് ജീവന് തന്നെ വെടിയേണ്ടിവന്ന പല സംഭവങ്ങളും സംസ്ഥാനത്തുനിന്ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ മാത്രം ലോണ്‍ എടുക്കുകയെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്താം. 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറിലും പരാതിപ്പെടാം.