കാരണം കാണിക്കൽ നോട്ടീസ്; വിശദീകരണം നൽകുമെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ
Thursday, July 31, 2025 7:39 PM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉപകരണ ക്ഷാമമുണ്ടെന്ന വെളിപ്പെടുത്തലില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ഡോ. ഹാരിസ് ചിറക്കല്‍. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പ്രതികാര നടപടിയാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വിദഗ്ധ സമിതിക്ക് മുന്നില്‍ നല്കി. വിദഗ്ധ സമിതി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ റിപ്പോര്‍ട്ട് വ്യാജമാകാം. അല്ലെങ്കില്‍ അത് വിശകലനം ചെയ്തിരിക്കുന്നത് തെറ്റാകാം. ആശുപത്രിയില്‍ ഉപകരണമില്ല എന്നുള്ള കാര്യം അവര്‍ക്ക് അറിയാം.
പരിഹരിക്കാന്‍ നടപടിയില്ലെന്നും അവര്‍ക്കറിയാം. സോഷ്യല്‍ മീഡിയായില്‍ എഴുതിയത് ചട്ടലംഘനമാണ്. വേറെ വഴിയില്ലാത്തതിനാലാണ് ഫേസ്ബുക്കില്‍ എഴുതിയത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
എന്ത് നടപടിയുണ്ടായാലും നേരിടും. ഒളിച്ചോടില്ല. മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമം ഇപ്പോഴുമുണ്ട്. ഇഎസ്എല്ഡബ്ല്യു എന്ന ഉപകരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആശുപത്രിയിലില്ലെന്നും ഡോക്ടർ പറഞ്ഞു.