കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ വിളിപ്പിച്ച് അമിത് ഷാ, നിർണായക ചർച്ച
Friday, August 1, 2025 2:29 PM IST
ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാര്‍ലമെന്റിലേക്ക് വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഛത്തീസ്ഗഡില്‍ നടന്ന സംഭവവികാസങ്ങളിലെ കടുത്ത അതൃപ്തി അമിത് ഷാ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാനുള്ള എല്ലാ ഇടപെടലുകളും നടത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. വ്യാഴാഴ്ച എംപിമാരെ കണ്ടതും സഭാ നേതൃത്വത്തിനടക്കം നല്കിയ ഉറപ്പും കൂടിക്കാഴ്ചയില്‍ അമിത് ഷാ ധരിപ്പിച്ചു. കേന്ദ്രനിര്‍ദേശം പാലിച്ചാകും നടപടികളെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.
കേരളത്തില്‍ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും അമിത് ഷാ ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.