ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം; വിജയരാഘവൻ മികച്ച സഹനടൻ, ഉർവശി സഹനടി
Friday, August 1, 2025 6:43 PM IST
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്.
മികച്ച മലയാള ചിത്രമായി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് തെരഞ്ഞെടുത്തു. ഉര്‍വശി, പാര്‍വതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഉള്ളൊഴുക്ക്.
ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉര്‍വശി പുരസ്കാരം പങ്കിട്ടത്.
മികച്ച സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു. പൂക്കാലത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. വിജയരാഘവനൊപ്പം എം.എസ്. ഭാസ്കരെയും മികച്ച സഹനടനായി തെരഞ്ഞെടുത്തു. പാര്‍ക്കിംഗിലെ അഭിനയമാണ് ഭാസ്കറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.