ഉപകരണം കാണാതായതല്ല, പരിചയമില്ലാത്തതിനാൽ മാറ്റിവച്ചു; ആരോപണം തള്ളി ഡോ. ഹാരിസ് ചിറയ്ക്കൽ
Saturday, August 2, 2025 10:20 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നിന്നും ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ. ഹാരിസ് ചിറക്കൽ.
ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ഉപകരണം കാണാതായതല്ല, ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവച്ചതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.
എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നുണ്ട്. സമിതി എന്താണ് അന്വേഷിച്ചത് എന്ന് അറിയില്ല. ഉപകരണം കാണാതായതല്ല, പരിശീലനം കിട്ടാത്തതിനാലാണ് ഉപകരണം ഉപയോഗിക്കാത്തതെന്നും ഡോ. ഹാരിസ് ചിറക്കൽ കൂട്ടിച്ചേർത്തു.
"ഞാൻ ചുമതലയേറ്റെടുക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഡോക്ടർ ആണ് ആ ഉപകരണം വരുത്തിച്ചത്. അദ്ദേഹത്തിന് അത് ഉപയോഗിക്കുന്നതിൽ പരിചയം ഉള്ളയാളാണ്. അതിനാലാണ് വരുത്തിച്ചത്. ബംഗളൂരുവിൽ നിന്നുള്ള വിദഗ്ധനൊപ്പം ചേർന്ന് ഒരു രോഗിയെ ആ ഉപകരണം കൊണ്ട് ചികിത്സിച്ചു. എന്നാൽ ശസ്ത്രക്രിയ ഭയങ്കരമായ സങ്കീർണതയിലേക്ക് നീങ്ങി. ആ ഉപകരണംവച്ച് ശസ്ത്രക്രിയ ചെയ്യാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് ഉപയോഗിക്കാറില്ല. അത് കാണാതായതല്ല, മാറ്റിവെച്ചിരിക്കുകയാണ്. അന്വേഷണ കമ്മിഷനോട് അന്ന് പറഞ്ഞിരുന്നു. ഞങ്ങൾ ആറ് ഡോക്ടർമാർ ആർക്കും ഇത് ഉപയോഗിച്ച് പരിചയമില്ല. അങ്ങനെ പരിചയമില്ലാത്ത ഉപകരണം വച്ച് ശസ്ത്രക്രിയ ചെയ്ത് രോഗികൾക്ക് എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത്' - ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
20 ലക്ഷം രൂപയുടെ ഉപകരണം കാണാതായി എന്ന് റിപ്പോർട്ടിൽ ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഇതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.