കലാഭവൻ നവാസിന്റെ സംസ്കാരം ഇന്ന്; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
Saturday, August 2, 2025 10:30 AM IST
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ മരണത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ചോറ്റാനിക്കര പോലീസ് ആണ് കേസെടുത്തത്.
ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ കുഴഞ്ഞുവീണ നിലയിലാണ് നവാസിനെ കണ്ടെത്തിയത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു നവാസ്.
ഷൂട്ടിംഗിന്റെ അവസാന ദിവസമായിരുന്ന വെള്ളിയാഴ്ച മുറിയിലെത്തി മടങ്ങാനിരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചരയോടെ നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം നാല് മുതല്‍ അഞ്ചര വരെ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും ഖബറടക്കം.
രാവിലെ എട്ടരയോടെ കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.