കന്യാസ്ത്രീമാർക്കെതിരെ ചുമത്തിയ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
Saturday, August 2, 2025 2:03 PM IST
തൃശൂര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ, അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസ് റദ്ദാക്കണമെന്നും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്ത സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ക്രൈസ്തവരായ യുവതികളെ ആശുപത്രിയിൽ ജോലിയ്ക്ക് കൊണ്ടുപോയ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
അതേസമയം, കന്യാസ്ത്രിമാർക്കെതിരായ കള്ളക്കേസ് റദ്ദാക്കിയാലെ നീതി ലഭിക്കുകയുള്ളുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും പറഞ്ഞു.
ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗം സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം ലഭിക്കുന്നത്.
50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നീ ഉപാധികളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.