പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് റിപ്പോർട്ട്
Saturday, August 2, 2025 2:31 PM IST
കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയാണ് മരിച്ചത്.
വനത്തിനുള്ളിലെ കൊക്കോ തോട്ടത്തിൽ മരിച്ച നിലയിലാണ് ബോബിയുടെ മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ കൈയിൽ ഷോക്കേറ്റതിന്റെ പാടുകളുണ്ട്. മരണകാരണം ഷോക്കേറ്റാണെന്ന് കോഴിക്കോട് റൂറൽ പോലീസ് മേധാവിയും സ്ഥിരീകരിച്ചു.
കോങ്ങാട് വനത്തിൽ പശുവിനെ തീറ്റിക്കാൻ പോയതായിരുന്നു ബോബി. ബോബിയുടെ മൃതദേഹത്തിന് സമീപം പശുവിനെയും ചത്തനിലയിൽ കണ്ടെത്തി.
രാത്രി വൈകിയിട്ടും തിരിച്ചുവരാത്തതിനാൽ ഫയർഫോഴ്സും വനംവകുപ്പും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.