ചലച്ചിത്ര നയം ചരിത്രപരമായ ചുവട് വയ്പ്പ് : മന്ത്രി സജി ചെറിയാൻ
Saturday, August 2, 2025 8:20 PM IST
തിരുവനന്തപുരം: മലയാള സിനിമയുടെ നൂറാം വാർഷികത്തിന് മൂന്ന് വർഷം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ചലച്ചിത്രനയം രൂപീകരിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവയ്പാണെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. കേരള ഫിലിം പോളിസി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മലയാള സിനിമയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സർക്കാർ ഒരു പുരോഗമനപരമായ ചലച്ചിത്ര നയം രൂപീകരിക്കും. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സിനിമാസൗഹൃദ സംസ്ഥാനമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വിപുലമായ കൂടിയാലോചനകൾക്ക് ശേഷം കരട് ചലച്ചിത്രനയത്തിൽ ദേഭഗതികൾ ആവശ്യമെങ്കിൽ വരുത്തും. ഇതിനുള്ള പ്രാരംഭ നടപടികൾ 2023 ജൂണിൽത്തന്നെ ആരംഭിച്ചിരുന്നു. പ്രമുഖ സംവിധായകനായിരുന്ന ഷാജി എൻ. കരുൺ ചെയർമാനായ കമ്മിറ്റി, 75-ലധികം സംഘടനകളുമായും 500-ൽ പരം വ്യക്തികളുമായും ഒരു വർഷം നീണ്ട ചർച്ചകൾ നടത്തിയിരുന്നു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ചലച്ചിത്രനയം രൂപീകരിക്കാൻ ഇത്രയും വിപുലമായ ജനാധിപത്യ വേദി ഒരുക്കുന്നത്. സിനിമയിലെ ലിംഗസമത്വം, സ്ത്രീ സുരക്ഷ, ക്ഷേമപ്രവർത്തനങ്ങൾ, വ്യാജ പതിപ്പുകൾക്കെതിരായ നടപടികൾ, സാങ്കേതികവിദ്യ, ഫിലിം ടൂറിസം തുടങ്ങിയ 10 പ്രധാന വിഷയങ്ങളും മൂന്ന് ഉപവിഷയങ്ങളും ഈ കോൺക്ലേവിൽ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.