ജയ്സ്വാളിനു സെഞ്ചുറി; ഇംഗ്ലണ്ടിന് 374 റണ്‍സ് വിജയലക്ഷ്യം
Saturday, August 2, 2025 10:39 PM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 396 റൺസ്. ഓപ്പണർ യശ്വസി ജയ്സ് വാളിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.374 റൺസാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 75 റണ്‍സ് എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്ന് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 51 റണ്‍സുമായി ഓപ്പണർ യശസ്വി ജയ്സ്വാളും നാലു റണ്‍സുമായി നൈറ്റ് വാച്ച്മാനായ ആകാശ് ദീപുമായിരുന്നു ക്രീസിൽ.
നൈറ്റ് വാച്ച്മാൻ തകർത്തടിച്ചതോടെ ഇംഗ്ലണ്ടിന്റെ കണക്കുകൾ പിഴച്ചു. 94 പന്തിൽ 12 ഫോർ ഉൾപ്പെടെ 66 റണ്‍സെടുത്താണ് ആകാശ് മടങ്ങിയത്. തന്റെ കന്നി അർധസെഞ്ചുറിയാണ് ആകാശ് കുറിച്ചത്.
164 പന്തുകൾ നേരിട്ട ജയ്സ്വാൾ 118 റണ്‍സെടുത്താണ് മടങ്ങിയത്. 14 ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്. ആകാശും ജയ്സ്വാളും ചേർന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്.
രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും അർധ സെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ ലീഡ് ഉയർന്നു. ജഡേജ 77 പന്തിൽ 53 റണ്‍സും വാഷിംഗ്ടണ്‍ സുന്ദർ 46 പന്തിൽ 53 റണ്‍സും നേടി.
ഇംഗ്ലണ്ടിനായി ജോഷ് ടങ് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഗസ് ആറ്റ്കിൻസണ് മൂന്ന് വിക്കറ്റും ജാമി ഓവർട്ടണ് രണ്ട് വിക്കറ്റും വീഴ്ത്തി.