നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയ സംഭവം; അമ്മയും ആണ്‍സുഹൃത്തും പിടിയിൽ
Sunday, August 3, 2025 9:50 PM IST
കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയ സംഭവത്തിൽ ദുരൂഹത. ആലുവ സ്വദേശിയായ അമ്മയും ആണ്‍സുഹൃത്തും ഉപേക്ഷിച്ച കുഞ്ഞിനെ മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്ന് കളമശേരി പോലീസ് ഇന്ന് വെളുപ്പിന് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസെടുത്തു. ആ കൈമാറ്റത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
ആണ്‍സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കഴിഞ്ഞ മാസം 26ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ യുവതി അന്ന് തന്നെ പ്രസവിച്ചു.
മാനിഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനൊടുവിൽ മുപ്പതടത്തെ ഒരു വീട്ടിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ കളമശേരി പോലീസ് ഇന്ന് വെളുപ്പിന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് നിലവിൽ കളമശേരി മെഡിക്കൽ കോളജിലാണ്.
ആരോഗ്യപ്രശ്നങ്ങൾ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്.