സി.സദാനന്ദൻ വധശ്രമക്കേസ്; പ്രതികള്‍ക്ക് സിപിഎം യാത്രയയപ്പ് നൽകി
Monday, August 4, 2025 6:28 PM IST
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി.സദാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കണ്ണൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തിൽ യാത്രയയപ്പ്. കേസിൽ മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.
ഉരുവച്ചാൽ കുഴിക്കൽ കെ.ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി. കൃഷ്ണൻ , മനയ്ക്കൽ ചന്ത്രോത്ത് രവീന്ദ്രൻ, കരേറ്റ പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ.ബാലകൃഷ്ണൻ എന്നിവരാണ് പ്രതികൾ.
മട്ടന്നൂര്‍ പഴശിയില്‍ വെച്ച് നടത്തിയ യാത്രയയപ്പിൽ കെ.കെ.ഷൈലജ എംഎല്‍എ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. സുപ്രീംകോടതി അപ്പീൽ തള്ളിയതോടെയാണ് സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ കോടതിയിൽ ഹാജരായത്. സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്.
എന്നാൽ ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. ഏഴുവര്‍ഷത്തെ തടവാണ് വിധിച്ചിരുന്നത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഇവർ കണ്ണൂർ സെന്‍ട്രൽ ജയിലിലേക്കെത്തിയത്.
1994 ജനുവരി 25നാണ് സി.സദാനന്ദൻ ആക്രമിക്കപ്പെട്ടത്. ജയിലിലേക്കു പോകുന്ന പ്രതികൾക്കു നൽകിയ യാത്രയയപ്പിൽ സ്ഥലം എംഎൽഎ കെ.കെ.ഷൈലജ പങ്കെടുത്തത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സി.സദാനന്ദൻ എംപി പറഞ്ഞു.