കൗണ്ടറില്‍ ക്യൂ നില്‍ക്കേണ്ട; കൊച്ചി മെട്രോയില്‍ യുപിഐ വഴി ടിക്കറ്റെടുക്കാം
Monday, August 4, 2025 9:30 PM IST
കൊച്ചി: ടിക്കറ്റെടുക്കാന്‍ ക്യൂ നിൽക്കാതെ കൊച്ചി മെട്രോയില്‍ ഇനി യാത്ര ചെയ്യാം. ഇതിനായി കാഷ്ലെസ് ടിക്കറ്റ് വെന്‍ഡിംഗ് മെഷിന് മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ചു. യുപിഐ വഴി പേയ്മെന്റ് നടത്തി പേപ്പര്‍ ടിക്കറ്റെടുക്കാന്‍ ഇതിലൂടെ കഴിയും.
ജെഎല്‍എന്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.നാഗരാജു മെഷിന് ഉദ്ഘാടനം ചെയ്തു. പുതിയ മെഷിനിലൂടെ യാത്രക്കാര്‍ക്ക് വേഗത്തില്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാൻ കഴിയുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
രാജ്യത്തെ ചുരുക്കം ചില മെട്രോകളില്‍ മാത്രമാണ് വെന്‍ഡിംഗ് മെഷിനില്‍ യുപിഐ ബന്ധിപ്പിച്ചിട്ടുള്ളത്. ടിക്കറ്റെടുക്കാന്‍ പൂര്‍ണമായും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് യാത്രക്കാരെ മാറ്റുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വണ്‍ മൊബൈല്‍ ആപ്, വാട്സ് ആപ്, ഗൂഗിള്‍ വാലറ്റ് എന്നിവ വഴിയും ഫോണ്‍പേ, റെഡ്ബസ്, ടുമോക്, യാത്രി, ഈസി മൈ ട്രിപ്പ്, ടെലിഗ്രാം (മൈ മെട്രോ കൊച്ചി), കേരള സവാരി തുടങ്ങിയവ വഴിയും ഇപ്പോള്‍ ടിക്കറ്റ് എടുക്കാം.
വാട്സ് ആപ്, ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ചുള്ള ടിക്കറ്റിംഗ് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. യാത്ര ചെയ്യേണ്ട സ്റ്റേഷന് ടിക്കറ്റ് വെന്‍ഡിംഗ് മെഷിനില്‍ സെലക്ട് ചെയ്തശേഷം ക്യൂആര്‍കോഡ് സ്കാന്‍ ചെയ്ത് പേയ്മെന്റ് നല്കിയാല് ഉടന്‍ ടിക്കറ്റ് ലഭിക്കും.
കറന്‍സി നല്‍കിയും ഇതില്‍ നിന്ന് ടിക്കറ്റ് എടുക്കാം. ഭിന്നശേഷി സൗഹൃദമെഷിനാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മെട്രോ അധികൃതർ പറഞ്ഞു.