രാജ്യത്ത് 81 വിമാനത്താവളങ്ങൾ നഷ്ടത്തിലാണെന്നു കേന്ദ്രം
Thursday, August 7, 2025 6:49 AM IST
ന്യൂഡൽഹി: രാജ്യത്ത് 81 വിമാനത്താവളങ്ങൾ നഷ്ടത്തിലാണെന്നും 22 എണ്ണം പ്രവർത്തനരഹിതമാണെന്നും കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് ഡൽഹി സഫ്ദർജംഗ് വിമാനത്താവളമാണ്. 673.91 കോടി രൂപയാണു നഷ്ടം. തൊട്ടുപിന്നിലുള്ള ത്രിപുരയിലെ അഗർത്തല എയർപോർട്ട് 605.23 കോടി രൂപ നഷ്ടം നേരിടുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
പരിമിതമായ വ്യോമഗതാഗതം മാത്രമുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് ആവിഷ്കരിച്ച ആർസിഎസ് ഉഡാൻ പദ്ധതിപ്രകാരം വിമാനക്കന്പനികൾക്കു വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകുന്നുണ്ട്.