ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, August 7, 2025 9:32 PM IST
ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തല്‍ ഉള്‍പ്പെടെ പങ്കുവച്ച് എക്സിലാണ് കമ്മീഷന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കണം. അസംബന്ധ നിഗമനങ്ങളില്‍ എത്തിച്ചേരരുത് എന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കര്‍ണാടകയില്‍ വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചു.
സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവ രാഹുല്‍ ഗാന്ധി ഒപ്പുവച്ച സത്യവാങ്മൂലത്തിന് ഒപ്പം സമര്‍പ്പിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ഒത്തുകളിച്ചു, കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നു എന്നുള്‍പ്പെടെ ആയിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍.
ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തട്ടിപ്പ് കണ്ടെത്തിയതെന്നും ഇതിനായി ആറു മാസമെടുത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നതായും ഇവിടെ ബിജെപി വിജയിച്ചത് 33000 വോട്ടിനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.