സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ല; മറുപടിയുമായി കായിക മന്ത്രി
Saturday, August 9, 2025 11:45 AM IST
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കരാർ ലംഘിച്ചെന്ന എഎഫ്എ മാർക്കറ്റിംഗ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സന്റെ ആരോപണം നിഷേധിച്ച് കായികമന്ത്രി വി. വി. അബ്ദു റഹ്മാൻ.
സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കരാറിലുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ തന്നെയുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ കരാര്‍ ലംഘനം. കേരളം കരാര്‍ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിച്ചു.
ഇപ്പോള്‍ ഏതോ ഒരു വാട്സ്ആപ്പ് ചാറ്റുമായിട്ടാണ് വന്നിട്ടുള്ളത്. ലിയാന്‍ഡ്രോ എന്നുപറയുന്ന ആള് അവരുടെ മാര്‍ക്കറ്റിംഗ് ഹെഡാണ്. അദ്ദേഹമാണ് അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഒപ്പുവെച്ചിട്ടുള്ളത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ്.
അവര്‍ തമ്മിലാണ് കരാര്‍. കഴിഞ്ഞ ദിവസം സ്പോണ്‍സര്‍മാര്‍ തന്നെ പറഞ്ഞു ഈ ഒക്ടോബര്‍-നവംബര്‍ വിന്‍ഡോയില്‍ വരാനാവില്ല എന്ന് അറിയിച്ചിട്ടുണ്ടെന്ന്. 2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും. സംവിധാനങ്ങള്‍ മാറും. അതില്‍ ഈ സ്പോര്‍ട്സ് മന്ത്രി ഉണ്ടായിരിക്കണമെന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാവും വരുക. എന്നാൽ അതില്‍ സ്പോണ്സര്ക്ക് താത്പര്യക്കുറവുണ്ടായി. അത് അവരെ അറിയിച്ചു. ഇതാണ് അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുപോകന്നത്. - മന്ത്രി പറഞ്ഞു.