തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തട്ടിപ്പ്; ഒളിവിലായിരുന്നയാൾ പിടിയിൽ
Saturday, August 9, 2025 12:52 PM IST
വയനാട്: തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന ജീവനക്കാരൻ പിടിയിൽ.
അക്കൗണ്ടന്റ് നിധൻ ആണ് പിടിയിലായത്. ഇയാളെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. കേസിൽ ഉള്‍പ്പെട്ട അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോണി വിദേശത്തേക്ക് കടന്നതായി സംശയം. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവർക്ക് തൊഴില്‍ ലഭ്യമാക്കാൻ ആവിഷ്കരിച്ച പദ്ധതിയിലാണ് തൊണ്ടർനാട് വൻ തട്ടിപ്പ് നടന്നത്. ആട്ടിൻകൂട്, കോഴിക്കൂട്, കിണർ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളിലായിരുന്നു തട്ടിപ്പ്. പഞ്ചായത്തിലെ എം ബുക്കില്‍ യഥാർഥ കണക്കെഴുതി സോഫ്റ്റ്വെയറില് കൃത്രിമം കാണിച്ചായിരുന്നു വെട്ടിപ്പ് നടന്നത്.
സിപിഎം ആണ് തൊണ്ടർനാട് പഞ്ചായത്ത് ഭരിക്കുന്നത്. രണ്ട് വർഷത്തിനിടെ രണ്ടരകോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇല്ലാത്ത പദ്ധതി ഉണ്ടാക്കിയും നടത്തിയ പദ്ധതിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ചുമായിരുന്നു തട്ടിപ്പ്. രണ്ട് ജീവനക്കാരാണ് തട്ടിപ്പ് നടത്തിയതെന്നും ഭരണസമിതിക്ക് അറിവില്ലെന്നുമാണ് പഞ്ചായത്തിന്റെ വാദം