സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; വിനായകനെ ചോദ്യം ചെയ്തു
Monday, August 11, 2025 4:46 PM IST
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവെച്ച നടന് വിനായകനെ സൈബര്‍ പോലീസ് ചോദ്യം ചെയ്തു. വി.എസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും മുന്‍പ് പങ്കുവെച്ച മറ്റൊരു പോസ്റ്റുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യംചെയ്യല്‍.
നടന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍ നിറഞ്ഞ പോസ്റ്റിലൂടെ നടന് അധിക്ഷേപിച്ചിരുന്നു. ആധുനിക കവിത എന്ന നിലയ്ക്കാണ് പോസ്റ്റ് ഇട്ടതെന്ന് വിനായകന് പോലീസിനോട് പറഞ്ഞു.
സൈബര്‍ പോലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനു ശേഷം വിനായകനെ വിട്ടയച്ചു.