കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു
Monday, August 11, 2025 5:35 PM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരവാദികളുടെ ഒളിത്താവളം സൈന്യം ബോംബുവെച്ച് തകര്‍ത്തു. കിഷ്ത്വാറിലെ വനമേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിൽ തീവ്രവാദികൾ ഒളിവില്‍ കഴിയാന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഗുഹ കണ്ടെത്തുകയായിരുന്നു. ഗുഹ ബോംബുവെച്ച് തകര്‍ത്തെങ്കിലും ഇതിനുള്ളില്‍ ഭീകരവാദികൾ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.
ഇതിനൊപ്പം കുല്‍ഗാമിലെ അഖാല്‍ വനമേഖലയിലും സമാനമായ ഭീകരവിരുദ്ധ നടപടികള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ 11 ദിവസമായി സുരക്ഷാസേന നടത്തുന്ന ഓപ്പറേഷന് അഖാലിൽ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.