വോട്ടർപട്ടിക ക്രമക്കേട്: രാഹുൽ ഗാന്ധിയുടെ പോരാട്ടത്തെ മോദിക്ക് തടയാനാകില്ലെന്ന് സതീശൻ
Tuesday, August 12, 2025 2:21 AM IST
തൃശൂർ: അറസ്റ്റും ഭീഷണിയും കൊണ്ടു രാഹുൽ ഗാന്ധിയുടെ പോരാട്ടത്തെ മോദി ഭരണകൂടത്തിനു തടയാനാകില്ലെന്നും തൃശൂരിലെ വോട്ടർപട്ടികയിലുള്ള മുഴുവൻ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വ്യാജവോട്ടില്ലെന്ന് ഉറപ്പാക്കാൻ വോട്ടർപട്ടിക പരിശോധനാവാരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന വലിയ സമരമായി വോട്ടർപട്ടിക ക്രമക്കേടിനെതിരായ പോരാട്ടം മാറും. തൃശൂരിൽ വ്യാപകമായി വ്യാജവോട്ടുകൾ ചേർത്തു. ഒറ്റമുറിവീട്ടിൽ 60 വോട്ടുകൾ ചേർത്തതിനു സമാനസംഭവങ്ങളുണ്ടായി.
മഹാരാഷ്ട്രയിലും കർണാടകയിലും ആസൂത്രണംചെയ്ത വോട്ടർപട്ടിക ക്രമക്കേട് കേരളത്തിൽ തൃശൂരിലാണു നടപ്പാക്കിയത്. ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയപാർട്ടികൾ ജാഗരൂകരാകണം.
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേടില്ലെന്ന് ഉറപ്പാക്കും. പട്ടിക പുറത്തുവന്നാൽ പരിശോധനയ്ക്ക് ഒരാഴ്ച നീക്കിവയ്ക്കും. ക്രമക്കേടു കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യും. നടപടിയുണ്ടായില്ലെങ്കിൽ അപ്പോൾ കാണാമെന്നും സതീശൻ പറഞ്ഞു.