ചാവശേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
Tuesday, August 19, 2025 10:57 AM IST
ചാവശേരി: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
ഇരിട്ടി ഭാഗത്തുനിന്ന് കോഴി കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടിയിലേക്കുപോകുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു.
അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് കോഴികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറികളുടെ മുൻ ഭാഗങ്ങൾ തകർന്നു. വിവരം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് അപകടത്തിൽപ്പെട്ട ലോറികൾ റോഡിൽനിന്ന് നീക്കി.