കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി എം.വി.ഗോവിന്ദൻ; മുഹമ്മദ് ഷെർഷാദിന് വക്കീൽ നോട്ടീസയച്ചു
Tuesday, August 19, 2025 4:40 PM IST
തിരുവനന്തപുരം: കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷെർഷാദിന് വക്കീൽ നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നൽകണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലാണ് സിപിഎം പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതി ചോർന്നത്. കത്ത് ചോർച്ചക്ക് പിന്നിൽ എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് കത്ത് നൽകിയിരുന്നു. മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്റെ പരാതിയിലായിരുന്നു.
നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്റെ പരാതി ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടി നേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.