അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; വിദ്യാർഥി പിടിയിൽ
Wednesday, August 20, 2025 4:40 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ വിദ്യാർഥി അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ എക്സലൻസ് സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
26കാരിയായ ഗസ്റ്റ് ടീച്ചറെയാണ് തീ കൊളുത്തിയത്. പൂർവ വിദ്യാർഥിയായ സൂര്യൻഷ് കോച്ചർ(18)ആണ് പ്രതി. അധ്യാപിക പരാതി നൽകിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതി ഒരു കുപ്പി നിറയെ പെട്രോളുമായി അധ്യാപികയുടെ വീട്ടിലെത്തി. ഒന്നും പറയാതെ ഇയാൾ അധ്യാപികയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സൂര്യൻഷ് അധ്യാപികയോട് നേരത്തെ പ്രണയാഭ്യർഥന നടത്തിയിരുന്നു. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർഥിയെ പുറത്താക്കി. ഇതോടെ ഇയാൾ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്.
സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തിനെതിരെ അധ്യാപിക പരാതി നൽകിയിരുന്നുവെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിഒപി) മനോജ് ഗുപ്ത പറഞ്ഞു. തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഐപിസി 124എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തെന്ന് പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.