ബെവ്കോയിൽ ഓണത്തിന് ഒരുലക്ഷം രൂപ ബോണസ്
Friday, August 22, 2025 8:31 PM IST
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഈ ഓണത്തിന് ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. സ്ഥിരം ജീവനക്കാർക്ക് എക്സ് ഗ്രേഷ്യ, പെർഫോമൻസ് ഇൻസെന്റീവ് ഇനത്തിൽ പരമാവധി 1,02,500 രൂപ വരെ ലഭിക്കും.
കഴിഞ്ഞ വർഷം 95,000 രൂപയാണ് ലഭിച്ചത്. ബെവ്കോയിലെ വിൽപ്പന 19,700 കോടിയായി വർധിച്ചതോടെയാണ് തുക ഉയർന്നത്. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ബെവ്കോയിലെ യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഔട്ട്ലെറ്റുകളിലെയും ഹെഡ് ക്വോട്ടേഴ്സിലേയും ശുചീകരണ തൊഴിലാളികൾക്കും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നൽകും. കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് നൽകാനും തീരുമാനിച്ചു.