രാഹുലിന്റെ എംഎൽഎ സ്ഥാനം തുലാസിൽ; ഹൈക്കമാൻഡിന് അതൃപ്തി
Saturday, August 23, 2025 7:26 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണു കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്.
എന്നാൽ ഇത് അന്തിമ തീരുമാനമല്ലെന്ന് നേതാക്കൾ പറയുന്നു. സ്ഥിതി വീണ്ടും വഷളാകാനുള്ള സാധ്യത നേതൃത്വം കാണുന്നുണ്ട്. അങ്ങനെയെങ്കിൽ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുന്നതും പാർട്ടി ആലോചിക്കും. രാഹുലിന്റേതായി പുറത്തു വന്നുകൊണ്ടിരിക്കുന്ന ചാറ്റുകളും സംഭാഷണങ്ങളും നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പല നേതാക്കളും കടുത്ത രോഷത്തിലാണ്. അതേസമയം രാഹുലിന്റെ രാജിക്കായി സിപിഎം, ബിജെപിയും സമ്മർദം ശക്തമാക്കുകയാണ്. സിപിഎം എംഎൽഎമാർക്കെതിരേ സ്ത്രീ അതിക്രമ പരാതികളുണ്ടായപ്പോൾ അവരാരും എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇതാണ് കോൺഗ്രസിന്റെ പിടിവള്ളി.