സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ
Saturday, August 23, 2025 10:16 AM IST
വാഷിംഗ്ൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറുമായ സെർജിയോ ഗോറിനെ ഇന്ത്യയിലേക്കുള്ള അമേരിക്കൻ അംബാസഡറായി നിമയിച്ചു.
ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെർജിയോ ഗോർ പ്രവർത്തിക്കും.
ഗോർ തന്റെ പ്രിയ സുഹൃത്തും ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗോറിന്റെ നിയമനം നിർണായകമാണ്.
"സെർജിയോയും സംഘവും റിക്കാർഡ് സമയത്തിനുള്ളിൽ ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 40,000 രാജ്യസ്നേഹികളെ നിയമിച്ചു- നമ്മുടെ വകുപ്പുകളും ഏജൻസികളും 95 ശതമാനത്തിലധികം അമേരിക്ക ഫസ്റ്റ് രാജ്യസ്നേഹികളാൽ നിറഞ്ഞിരിക്കുന്നു.' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗോർ, സ്ഥാനപതിയായി ചുമതലയെടുക്കുന്നതുവരെ പദവിയിൽ തുടരുമെന്ന് ട്രംപ് പറഞ്ഞു.
'ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ മേഖലയിൽ, നമ്മുടെ അജണ്ട നടപ്പാക്കാനും നമ്മളെ സഹായിക്കാനും പൂർണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. സെർജിയോ ഒരു മികച്ച അംബാസഡറായിരിക്കും. അഭിനന്ദനങ്ങൾ സെർജിയോ' ട്രംപ് കൂട്ടിച്ചേർത്തു.