ധർമസ്ഥല തിരോധനക്കേസിൽ വഴിത്തിരിവ്: അനന്യ എന്ന മകൾ തനിക്കില്ലെന്ന് സുജാത, പറഞ്ഞതെല്ലാം നുണ
Saturday, August 23, 2025 10:36 AM IST
ബംഗളൂരു: ധർമസ്ഥല തിരോധന കേസിൽ വൻ വഴിത്തിരിവ്. മകളെ കാണാനില്ലെന്ന് പരാതി നൽകിയത് ഭീഷണിക്ക് വഴങ്ങിയാണെന്ന വെളിപ്പെടുത്തലുമായി സുജാത ഭട്ട് രംഗത്തെത്തി. അനന്യ ഭട്ട് എന്ന മകൾ ഉണ്ടായിരുന്നുവെന്നും മകളെ കാണാതായി എന്നുമുള്ള അവകാശവാദം നുണയായിരുന്നുവെന്ന് സുജാത ഭട്ട് പറഞ്ഞു.
ധർമസ്ഥല തിരോധാന കേസുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു അനന്യ ഭട്ട് എന്ന മകളെ 2003 മുതൽ കാണാതായി എന്ന സുജാത ഭട്ടിന്റെ തുറന്നുപറച്ചിൽ.
മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ പഠിച്ചിരുന്ന കുട്ടി, സുഹൃത്തുക്കൾക്കൊപ്പം ടൂർ പോയിരുന്നുവെന്നും അതിനുശേഷം കാണാതായി എന്നുമായിരുന്നു പരാതി. കേസ് എസ്ഐടി ഏറ്റെടുത്തു.
എന്നാൽ അന്വേഷണത്തിൽ അനന്യ ഭട്ട് എന്നപേരിൽ ഒരാളും കോളജിൽ പഠിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം കോളജ് അധികൃതരും സ്ഥിരീകരിച്ചു. ഇതിനിടെയാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തൽ. ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയാണ് താൻ ഇക്കാര്യം പറഞ്ഞതെന്ന് സുജാത ഭട്ട് പറയുന്നു.
സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.